Monday, December 17, 2012

കരിഞ്ചാമുണ്ഡി തെയ്യം

ജാതിമതങ്ങൾക്കതീതമായി നിലനിന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു വടക്കേ മലബാറിന്. തെയ്യങ്ങൾ പോലുള്ള ആരാധനമൂർത്തിക്കളെ പൊതുവേ മുസ്ലീം സമുദായത്തിൽ പെട്ടവർ ആരാധിക്കാറില്ല, എങ്കിലും മാപ്പിള തെയ്യം എന്ന പേരിൽ തന്നെ തെയ്യങ്ങൾ വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. ഏക ദൈവ വിശ്വാസികളാണു മുസ്ലീങ്ങൾ, എങ്കിലും ഗ്രാമത്തിൽ നടക്കുന്ന തെയ്യാട്ടങ്ങളിൽ പലതിലും ഇവരുടെ സജീവ പങ്കാളിത്തം ഉണ്ടാവാറുണ്ട്.

കാട്ടുമൂർത്തിയാണു കരിഞ്ചാമുണ്ഡി. മുമ്പ് ഈ തെയ്യം കാണാൻ മാപ്പിളമാരും സ്ത്രീകളും പോകാറില്ലായിരുന്നു. അതിനു പിന്നിലൊരു കഥയുണ്ട്; ഒരു പുരാവൃത്തം.
 പായ്യത്തുമലയില്‍ താമസിച്ചു വന്നിരുന്ന ഒരു മാപ്പിളയായിരുന്നു ആലി. ആലിയുമായി ബന്ധപ്പെട്ടതാണ് കരിഞ്ചാമുണ്ടിയുടെ പുരാവൃത്തം. നമുക്കതു നോക്കാം.

പുരാവൃത്തം
തെയ്യം കാണാനെത്തുന്ന മാപ്പിളമാരോട് തെയ്യം ഉരിയാടുന്നത് ശ്രദ്ധിക്കുക:
ചേരമാന്‍ പെരുമാൾ കൊടുങ്ങല്ലൂര്‍ത്തുറമുഖത്തു നിന്ന് ഗൂഢമായി കപ്പല്‍ കയറി. കൊയിലാണ്ടി ക്കൊല്ലത്തെ തൂക്കില്‍ ഒരു ദിവസം പാര്‍ത്തു. പിറ്റേ ദിവസം ധര്‍മ്മപട്ടണത്തെത്തി. ധര്‍മ്മപട്ടണത്തു കോവിലകം രക്ഷിപ്പാന്‍ സാമൂതിരിയെ ഏല്‍പ്പിച്ചു. കൊടുങ്ങല്ലൂരില്‍ നിന്ന് കപ്പല്‍ക്കാരും മറ്റും പോയി പെരുമാള്‍ കയറിയ കപ്പല്‍ക്കാരുമായി വളരെ യുദ്ധമുണ്ടാക്കി. വീടുകൂടാതെ സഹര്‍ മുക്കല്‍ ഹയാബന്തറില്‍ ചെന്നിറങ്ങുകയും ചെയ്തു. അപ്പോള്‍ മുഹമ്മദ് നബി ജിദ്ദയെന്ന നാട്ടില്‍ പാര്‍ത്തു വരുന്നു. അവിടെ ചെന്നു കണ്ട് മാര്‍ഗ്ഗം വിശ്വസിച്ചു. താജുദീന്‍ എന്നു പേരായി മാലിക്കഹബിയാറെ എന്ന അറബിയില്‍ രാജാവിന്റെ പെങ്ങളായ റീജിയത്ത് എന്നവളെ കെട്ടി അഞ്ചുവര്‍ഷം പാര്‍ത്തു. താജുദീന്‍ കഴിഞ്ഞ് മലയാളത്തില്‍ വന്ന് ദീന്‍ നടത്തേണ്ടുന്നതിനു യാത്ര ഒരുങ്ങിയിരിക്കുമ്പോള്‍ ദീനം പിടിച്ചു കഴിഞ്ഞു. താനുണ്ടാക്കിയതായ പള്ളിയില്‍ത്തന്നെ മറയുകയും ചെയ്തു. അപ്പോള്‍ പെരുമാളുടെ എഴുത്തും മുദ്രയും പുറപ്പെടുവിച്ചു. രണ്ട് കപ്പലിലായിക്കയറി അവിടുന്ന് പതിനൊന്ന് തങ്ങമ്മാർ കൊടുങ്ങല്ലൂര്‍ വന്നു. രാജസമ്മതത്താലെ ഒരു പള്ളിയുണ്ടാക്കി. മാടായിപ്പള്ളി, അബ്ദുറഹിമാന്‍ പള്ളി, മുട്ടത്തുപ്പള്ളി, പന്തലായിനിപള്ളി, സെയിനുദ്ദീന്‍ ഖാദി... ഇങ്ങനെ പതിനൊന്നു കരിങ്കല്ലുകൊണ്ടു വന്ന് പതിനൊന്നു പള്ളികളുണ്ടാക്കി. അപ്രകാരമല്ലേ ന്റെ മാടായി നഗരേ?
സമയം പാതിരാത്രി! കൂരിരുട്ട്! കാര്‍മേഘങ്ങള്‍കൊണ്ട് മൂടിയ ആകാശം. ഇടയ്ക്കിടെ സര്‍വ്വരേയും ഭയപ്പെടുത്തിക്കൊണ്ട് ഇടിവെട്ടിക്കൊണ്ടിരിക്കുന്നു; മിന്നലും. ആലിയുടെ ഭാര്യയ്ക്ക് പേറ്റുനോവ് തുടങ്ങി. പേറ്റുനോവിന് തടയില്ല, സമയമില്ല. പടച്ചതമ്പുരാന്റെ നിശ്ചയം! വേദന കടിച്ചമര്‍ത്തുന്നത് കണ്ട് ആലി തളര്‍ന്നു.

വയറ്റാട്ടിയെ കൊണ്ടുവരൂ!- ആലിയുടെ ഭാര്യ കരഞ്ഞു കൊണ്ട് ഭര്‍ത്താവിനെ നോക്കി
നിസ്സഹായയായി പറഞ്ഞു. ആലിയുടെ മനസ്സ് പെടച്ചു. എന്തു വേണം? ഒന്നും അവനറിഞ്ഞുകൂടാ. പുത്തന്‍ അനുഭവം! അകത്ത് എരിയുന്ന ചിമ്മിണി വിളക്കില്‍ നിന്ന് 'ചൂട്ട്' കത്തിച്ച് അവന്‍
പുറത്തേക്കിറങ്ങി. അപ്പോഴും അവളുടെ ഞരക്കവും നിലവിളിയും കേള്‍ക്കുന്നുണ്ടായിരുന്നു.
പടച്ചോനേ രക്ഷിക്കണേ....പ്രാര്‍ത്ഥനയോടെ ആലി നടന്നു.

ആരാണ് വയറ്റാട്ടി?
ആ സ്ത്രീ താമസിക്കുന്ന സ്ഥലമേത്?
ഒന്നും ആലിക്കറിയില്ല. മലയുടെ അടിവാരത്തില്‍ താമസിക്കുന്ന ഏതോ ഒരു സ്ത്രീയാണെന്ന് മാത്രമറിയാം. അടിവാരത്തിലെത്തിയാല്‍ ഏതെങ്കിലും കൂരയില്‍ കയറി അന്വേഷിക്കാമെന്നവന്‍ കരുതി നടത്തത്തിന് വേഗത കൂട്ടി. ഭാര്യയെ തനിച്ചാക്കി പുറത്തിറങ്ങിയത് ശരിയല്ലെന്ന് ആലിക്കറിയാം. പക്ഷേ പാതിരാത്രിയില്‍ ആരെ കിട്ടാനാണ്. പെണ്ണിന് പെണ്ണ് തുണയാകേണ്ട സമയം ജീവിതത്തിലുണ്ടെന്ന് ആലി തിരിച്ചറിഞ്ഞു.അവള്‍ ചിമ്മിണി വിളക്കിന്റെ നേരിയ വെട്ടത്തില്‍ കിടന്നു പുളഞ്ഞു. തേങ്ങിക്കരഞ്ഞു. അവള്‍ കിടക്കുന്ന പായയ്ക്കരികില്‍ ഒരു കരിമ്പൂച്ച മാത്രം എല്ലാറ്റിനും സാക്ഷിയായ് ഇടയ്ക്കിടെ കണ്ണുചിമ്മിക്കൊണ്ടിരുന്നു. ചൂട്ടുവീശി  കത്തിച്ചു കൊണ്ട് ആലി ചവിട്ടടിപാതയിലൂടെ ദീര്‍ഘദൂരം സഞ്ചരിച്ചു. വെളിച്ചം കണ്ടൊരു കുടിയില്‍ കയറി ആലി വയറ്റാട്ടി താമസിക്കുന്ന ഇടം തിരക്കി. മൂന്ന് കാതം ഇനിയും നടക്കണം. കുടിയിലെ മുത്തശ്ശി അയാളെ അറിയിച്ചു.

അയ്യോ! പേറ്റുനോവ് തുടങ്ങീട്ട് ഏറെ സമയമായല്ലോ. ഇനിയും വൈകിയാല്‍ ആപത്തുണ്ടാകുമോ? വഴിതെറ്റിക്കാണുമോ? നാട് മുഴുവന്‍ അറിയപ്പെടുന്ന വയറ്റാട്ടിയെ കണ്ടെത്താന്‍ ഇത്ര ബുദ്ധിമുട്ടോ? അശുഭചിന്തകള്‍ ആലിയെ ദുര്‍ബ്ബലനാക്കിയെങ്കിലും ശക്തി സംഭരിച്ച് അയാള്‍ വേഗം നടന്നു.

"ഹാ....ഹാ...." പെട്ടെന്നൊരു പൊട്ടിച്ചിരി ചെവിയില്‍ തുളച്ചുകയറി. ആരാണത്?- ആലി ചുറ്റും ആരാഞ്ഞു. ചൂട്ട് വീശി കത്തിച്ചു. വെട്ടം പരന്നു! അരുവിക്കരയിലെ പാലമരചുവട്ടിലെ പാറപ്പുറത്ത് ഒരു സ്ത്രീ ഇരിക്കുന്നു. വെളിച്ചം കണ്ടപ്പോള്‍ അവള്‍ ആലിയെ കൈകൊട്ടിവിളിച്ചു. അവളുടെ തിളങ്ങുന്ന കണ്ണുകളും മുല്ലമൊട്ടുകള്‍ പോലെ നിരന്ന പല്ലുകളും, നീണ്ടു കിടന്നാടുന്ന തലമുടിയും, സ്വര്‍ണ്ണനിറവും അയാളെ അത്ഭുതപ്പെടുത്തി. സ്വപ്നമാണോ?- ആലി കണ്ണുകള്‍ തിരുമ്മി സൂക്ഷിച്ചുനോക്കി. പരിചയമില്ല അല്ലേ?- അടുത്തേക്ക് നടന്നുകോണ്ടവള്‍ മൊഴിഞ്ഞു. വശ്യതനിറഞ്ഞ അവളുടെ ചിരി ആലിയെ ആകര്‍ഷിച്ചു. "ഞാനും പേറ്റിച്ചി തന്നെയാണ്. ആ കാണുന്നതാ കുടി. ഉഷ്ണം കലശലായപ്പോള്‍ കാറ്റുകൊള്ളാന്‍ പുറത്തിറങ്ങിയിരുന്നതാ. ക്ഷീണം കൊണ്ട് മയങ്ങിപ്പോയി. ഇനി  വൈകിക്കേണ്ട. വേഗം പോകാം"- ആ സ്ത്രീ നടക്കാനൊരുങ്ങി ആലിയുടെ അടുത്തേക്ക് നീങ്ങി.

പടച്ചോന്‍ കാണിച്ചുതന്നതാകും. ആലി കൂടുതല്‍ ഒന്നും ആലോചിച്ചില്ല. ഭാര്യയ്ക്ക് ഒരു മിനുറ്റ് മുമ്പെങ്കിലും ആശ്വാസം കിട്ടാന്‍ കഴിയട്ടെ. ആലിമാപ്പിള സ്ത്രീയേയും കൂട്ടി ധൃതിയില്‍
നടന്നു.പടിക്കലെത്തിയപ്പോഴേയ്ക്കും ഭാര്യയുടെ തേങ്ങിക്കരച്ചില്‍ കേട്ടു. മങ്ങിയ വെളിച്ചത്തില്‍ വാതില്‍ പഴുതിലൂടെ ആലി അവളെ കണ്ടു. തീരെ അവശയാണ്. ചാരിയിരുന്ന വാതില്‍ തുറന്ന് സ്ത്രീ അകത്തേക്ക് കടന്നു. ആലി അസ്വസ്ഥനായി ഉമ്മറത്ത് തിണ്ണയിലിരുന്നു. കരിമ്പൂച്ച വീണ്ടും കരഞ്ഞു. വീണ്ടും വീണ്ടുമുള്ള കരിമ്പൂച്ചയുടെ കരച്ചില്‍ എന്തെങ്കിലും ദു:സൂചനയാണോ?- ആലി
ഭയപ്പാടോടെ മനംനൊന്ത് അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചു.

"കുട്ടിക്കും തള്ളയ്ക്കും ആപത്ത് വരുത്തല്ലേ?"
അസ്വസ്ഥത വര്‍ദ്ധിച്ചു. ഒരു നാഴിക കഴിഞ്ഞിട്ടും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാനില്ല. എന്തു പറ്റി? ഭാര്യയുടെ തേങ്ങലും നിലച്ചോ? പരിഭ്രാന്തനായി മാപ്പിള ഉമ്മറത്ത് തെക്കുവടക്ക് നടന്നു. ഉത്ക്കണ്ഠ വര്‍ദ്ധിച്ചു. വാതിലില്‍ തട്ടി നോക്കി.ആരും വാതില്‍ തുറന്നില്ല. കരിമ്പൂച്ച ഉച്ചത്തില്‍ കരഞ്ഞു.
"വയറ്റാട്ടീ....വയറ്റാട്ടീ...."
ആലി ക്ഷമകെട്ടപ്പോള്‍ ഉറക്കെ വിളിച്ചു; ഫലമില്ല. അകത്ത് നിന്നും രക്തം ഒഴുകി വാതില്‍ പഴുതിലൂടെ പുറത്തേയ്ക്ക് വരുന്നു. എന്തോ സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്. ആലി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു. കരിമ്പൂച്ച കരഞ്ഞുകൊണ്ട് പുറത്തേക്ക് ചാടി. കത്തിക്കൊണ്ടിരുന്ന ചിമ്മിണിവിളക്ക് തട്ടിത്തെറിപ്പിക്കാന്‍ സ്ത്രീ തുനിഞ്ഞപ്പോള്‍ ആലി അവളുടെ കൈ കടന്നുപിടിച്ചു. പെട്ടെന്ന് ഒരു ഭീകരരൂപം ആ മങ്ങിയ വെളിച്ചത്തില്‍ തിളങ്ങി. ഉരുണ്ട കണ്ണുകളുംദംഷ്ട്രെങ്ങളും ചപ്രത്തലയും ആലിയെ ഭയപ്പെടുത്തി.

ദുഷ്ടേ!- നീ ചതിച്ചുവല്ലേ?- ആലി അവളുടെ നേര്‍ക്ക് ചവിട്ടാന്‍ കാലോങ്ങി. ചോരയില്‍ കുളിച്ച് വയര്‍പിളര്‍ന്ന് കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകരരൂപമാണ് ആലി മുന്നില്‍ കണ്ടത്. ആലി ഞെട്ടിവിറച്ചു. അയാള്‍ സര്‍ വ്വശക്തിയും പ്രയോഗിച്ച് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി.
അലറിവിളിച്ചുകൊണ്ടവള്‍ പുറത്തേയ്ക്കോടിപ്പോയി. കുപിതനായി ആലിയും അവളെ പിന്തുടര്‍ന്നു. ശത്രുക്കളെ നേരിടാന്‍ കരുതിയ അയാളുടെ കൈയ്യിലുണ്ടായിരുന്ന ഇരുമ്പുലക്ക വായുവില്‍ സഞ്ചരിച്ചു. പാലമരച്ചുവട്ടില്‍ അപ്പോഴും ആ ഭീകരരൂപിയുടെ അലര്‍ച്ച കേള്‍ക്കാമായിരുന്നു. അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ച് ആലി ഇരുമ്പുലക്ക അവള്‍ക്ക് നേരെ പ്രയോഗിച്ചു. തലയ്ക്കടിയേറ്റ അവള്‍ പാലമരച്ചുവട്ടില്‍ പിടഞ്ഞു വീണു. ആ ദുഷ്ടയുടെ അട്ടഹാസം മലയെ പിടിച്ചു കുലുക്കി. വികൃത രൂപിണിയായ അവള്‍ ആലിയെ എടുത്തുകൊണ്ട് പാലമുകളിലേയ്ക്ക് പറന്നുയര്‍ന്നു. ആലിയുടെ നിലവിളി ആരു കേള്‍ക്കാന്‍? ആലിയുടെ ചുടു ചോര കുടിച്ചവള്‍ ശരീരം താഴേയ്ക്കിട്ടു. നാട്ടില്‍ കഥ പരന്നപ്പോള്‍ ഗ്രാമവാസികള്‍ ഭയപ്പെട്ടു ആലിയുടെ ജീവന്‍ അപഹരിച്ചിട്ടും ദുര്‍ദേവത തൃപ്തിയടഞ്ഞില്ല. പിന്നേയും ദുരന്തങ്ങള്‍ കാണപ്പെട്ടു. ഒടുവില്‍ നാടുവാഴിയുടെ നേതൃത്വത്തില്‍ പ്രശ്നം നടത്തി പരിഹാരം കണ്ടെത്തി. ദുര്‍ദേവതയെ കാവും സ്ഥാനവും നല്‍കി ആദരിച്ചു. തെയ്യക്കോലം കെട്ടിയാടി കരിചാമുണ്ഡിയെ പ്രീതിപ്പെടുത്തി അനുഗ്രഹം നേടി. ആ പതിവ് ഇന്നും നടന്നു വരുന്നു.

0 comments:

Post a Comment