Thursday, December 20, 2012

കതിവന്നൂര്‍ വീരന്‍

കളിയാട്ടം എന്ന സിനിമയ്ക്കുവേണ്ടി കൈതപ്രം എഴുതിയ ഗാനം
പൂവത്തറയിൽ പോന്നു വന്നവളേ ചെമ്മരത്തീയേ
ദാഹിക്കുന്നൂ സംഭാരം തരുമോ ചെമ്മരത്തീയേ

കതിവനൂർ വീരനേ നോമ്പു നോറ്റിരുന്നു
മാമയിൽപ്പീലി പോൽ അഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി
അവൾ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു
വില്ലാളിവീരനെ ഒരുനോക്കു കാണുവാൻ
നൊമ്പരം പൂണ്ടവൾ മനം നൊന്തുപിടഞ്ഞു
കതിവനൂർ വീരനേ നോമ്പുനോറ്റിരുന്നു
മാമയിൽപ്പീലി പോൽ അഴകോലും ചെമ്മരത്തി
ചെമ്മരത്തീയാ വേർവെണീറ്റു
കതിവനൂരമ്മ

കുടകു മലയിലെ കണ്ണേറാത്താഴ്വരയിൽ
കളരികളേഴും കീഴടങ്ങി നിന്നു
ഏഴാഴികളും പതിനേഴു മലയും
കതിവനൂർ വീരനേ എതിരേറ്റു നിന്നു
ഏഴിനും മീതെ മണിശംഖുമുഴങ്ങി
വില്ലാളിവീരനെ മാളോരു വണങ്ങി
കതിവനൂർ വീരനേ നോമ്പുനോറ്റിരുന്നു
മാമയിൽപ്പീലിപോൽ അഴകോലും ചെമ്മരത്തി

കേട്ടീലായോ നീ മകളേയെൻ ചെമ്മരത്തീയേ

ആദിത്യ ചന്ദ്രന്മാർ ചതിയാലെ മറഞ്ഞൂ
കളരി വിളക്കുകൾ കൊടുംകാറ്റിലണഞ്ഞു
കലി തുള്ളിയുറയുന്ന കതിവനൂർ വീരനേ
കുടകന്റെ കൈകൾ ചതി കൊണ്ടു ചതിച്ചു
കണ്ണീരു വീണെൻ മലനാടു മുങ്ങീ
പോർവിളി കേട്ടെന്റെ മനക്കോട്ട നടുങ്ങി


കതിവനൂർ വീരന്റെ കഥ കേട്ടു പിടഞ്ഞു
മാമയിൽപ്പീലി പോൽ അഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു തോഴിമാർ പിരിഞ്ഞു
ചതിത്തീയിലവളന്നുടലോടെ മറഞ്ഞൂ
കതിവനൂർവീരന്റെ കനലോടു ചേർന്നവൾ
സ്വർഗ്ഗത്തിലേക്കൊരു കിളിയായ് പറന്നൂ
പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്. ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. മുത്തപ്പൻ, വിഷ്ണുമൂർത്തി, കതിവനൂർ വീരൻ, പൊട്ടൻ, ഗുളികൻ, വയനാട് കുലവൻ, മുച്ചിലോട്ട് ഭഗവതി എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.

കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് നിവാസി മന്ദപ്പൻ എന്ന തിയ്യ സമുദായത്തിൽ പെട്ട ആളാണ്‌ പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യ മൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതിവനൂർ വീരൻ

മങ്ങാട്ട് പരക്ക ഇല്ലത്ത് ചക്കിയമ്മയുടേയും മേത്തളി ഇല്ലത്ത് കുമരപ്പന്റേയും ഏകമകനായി ചുഴലി ഭഗവതിയുടെ അനുഗ്രഹത്തോടെ ഒരാണ്‍കുഞ്ഞ് പിറന്നു. ആറ്റുനോറ്റുണ്ടായ ആ കുഞ്ഞിന്റെ പൂമുഖം കണ്ടപ്പോള്‍ ആ ദമ്പതിമാരുടെ മനസ്സില്‍ ആനന്ദം തേന്മഴ പൊഴിച്ചു. കുമരപ്പൻ കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ വെയ്ക്കാന്‍ ധൃതിയായി. വയറ്റാട്ടി കുഞ്ഞിനെ കുളിപ്പിച്ച് നിലവിളക്കിന് മുമ്പിലെ ഇലയില്‍ കിടത്തി ചുഴലീ ഭഗവതിക്ക് സമര്‍പ്പിച്ചു കഴിഞ്ഞപ്പോഴേക്കും കുമരപ്പന്‍ ഓടി എത്തി കുഞ്ഞിന്റെ നെറുകയില്‍ തെരുതെരെ മുത്തമിട്ടു. മുറിയില്‍ പ്രസവചടവോടെ കിടക്കുന്ന ചക്കിയമ്മ അതുകണ്ട് നിര്‍വൃതി പൂണ്ടു. ഇല്ലത്ത് ആനന്ദം പൂത്തുലഞ്ഞു! വിവരമറിഞ്ഞ് നാടുവാഴി തമ്പുരാനും നാട്ടുകൂട്ടവും നാട്ടുകാരുമെത്തി. കുഞ്ഞിനെ ആശീര്വദിച്ചു ദീര്‍ഘായുസ്സു നേര്‍ന്നു. ദിവസങ്ങള്‍ കടന്നു പോയി. പക്കപ്പിറന്നാള്‍ വന്നെത്തി. കാവില്‍ ചുഴലി ഭഗവതിക്ക് പ്രത്യേക പൂജയും പ്രാര്‍ത്ഥനകളും നടത്തി. കുമരപ്പന്‍ കുഞ്ഞിന് പേരിട്ടു. "മന്ദപ്പന്‍" ചക്കിയമ്മ മകനെ പേര്‍ വിളിച്ചേറ്റു വാങ്ങി മടിയില്‍ ഇരുത്തി പാലൂട്ടി നെറ്റിയില്‍ മുത്തമിട്ടു, മാറോടണച്ച്,
 "ആപത്തുമേലില്‍ വരാതിരിപ്പതി
നാഴിമാതാവാം ചുഴലി ഭഗവതി"
കാത്തരുളണമേയെന്ന് പ്രാര്‍ത്ഥിച്ചു.
"അങ്ങനെയയ്യാണ്ടു ചെന്ന കാലം
 ഗുരു തന്നോടു കൂടി സകലശാസ്ത്രങ്ങളും
നന്നായ് പഠിച്ചു പഠിച്ചു ദിനംപ്രതി" - മിടുക്കനായി വളര്‍ന്നു.
അതിനോടൊപ്പം തന്നെ മാതാപിതാക്കളുടെ മനസ്സിലും മോഹന സ്വപ്നങ്ങള്‍ ഓരോന്നായി വിടര്‍ന്നു.ആയുധാഭ്യാസിയും കരുത്തനുമായ മന്ദപ്പനെ കണ്ട് ചക്കിയമ്മ ഊറ്റം കൊണ്ടു. അവന്‍ കൂട്ടുകാരോടൊപ്പം വനാന്തരങ്ങളില്‍ മാനിനേയും കാടപ്പക്ഷികളേയും വേട്ടയാടി രസിച്ചു നടന്നു. വെളുപ്പിന് ഇറങ്ങിയാല്‍ രാത്രിയേ ഇല്ലത്ത് തിരിച്ചെത്തൂ.. മകന്റെ കൂട്ടുകെട്ടും പ്രവര്‍ത്തികളും പിതാവിന് പിടിച്ചില്ല. അയാള്‍ പലപ്രാവശ്യം അവനെ ഉപദേശിച്ചു. ഫലമില്ല. അവന്‍ അവന്റെ വഴി തുടര്‍ന്നു. ഒരു ദിവസം മന്ദപ്പന്‍ ഇല്ലത്ത് കയറി വന്നത് പാതിരാത്രിക്കാണ്. കുമരപ്പന്‍ മകനെ കാത്ത് ഉറക്കമിളച്ചിരിക്കുകയായിരുന്നു. മകനെ കണ്ടപ്പോള്‍ പിതാവ് കലിതുള്ളി അവനു നേരെ ഗര്‍ജ്ജിച്ചു.

"വേടന്മാരെപ്പോലെ രാത്രിയും പകലും വേട്ടയാടി നടന്ന് മദ്യവും മാംസവും കൊണ്ട് ഇല്ലത്ത് കയറി വരുന്നത് ശരിയല്ല. കുലമര്യാദകള്‍ക്ക് എതിരാണ്. ശുദ്ധിയും അച്ചടക്കവുമില്ലാതെ ഈ ഇല്ലത്ത് ആരും മുമ്പ് പെരുമാറിയിട്ടില്ല. മേലിലും ഇങ്ങനെ പ്രവര്‍ത്തിക്കാനാണ് ഭാവമെങ്കില്‍ നിനക്ക് ചോറും പാലും കൊടുക്കാന്‍ പാടില്ലെന്ന് അമ്മയോട് പറഞ്ഞുകഴിഞ്ഞു."

"എങ്കില്പിന്നെ അതു നടക്കട്ടെ."- മന്ദപ്പന്‍ കൂസലില്ലാതെ അകത്തേയ്ക്ക് പോയി. അമ്മ നിറകണ്ണൂകളോടെ മകനെ ഉണ്ണാന്‍ ക്ഷണിച്ചു. അവന്‍ അന്ന് പട്ടിണി കിടന്നു. അത് ചക്കിയമ്മയ്ക്ക് സഹിച്ചില്ല. വിശപ്പോടെ കയറിവന്ന മകനുനേരെ അലറി വിളിച്ചു പറഞ്ഞത് ശരിയായില്ലെന്ന് ഭര്‍ത്താവിനോട് അവള്‍ പറഞ്ഞു. പക്ഷെ തീരുമാനം മാറ്റാന്‍ ഭര്‍ത്താവ് ഒരുക്കമല്ലായിരുന്നു. പിറ്റേന്നും അവന്‍ ഇല്ലത്ത് എത്തിയത് പാതിരാത്രിക്കു തന്നെയായിരുന്നു. മകന്റെ ധിക്കാരം കുമരപ്പന് സഹിച്ചില്ല. അച്ഛന്‍ മകനുനേരെ കൈയോങ്ങി കുതിച്ചു. അടി വീഴാതിരിക്കാന്‍ അമ്മ ഇടയ്ക്ക് കയറി വീണു. ഉന്തും തള്ളും ആക്ഷേപശരങ്ങളും നിലവിളിയും ഉയര്‍ന്നു. പെറ്റമ്മ വാവിട്ടു കരഞ്ഞു. പിതാവിന്റെ കടുത്ത വാക്കുകള്‍ അന്തരീക്ഷത്തില്‍ അലതല്ലി. പുത്രന്‍ നിര്‍വികാരനായി പുറത്തേയ്ക്ക് പോയി. മകനെ കാത്ത് ചക്കിയമ്മ ഉറങ്ങാതെ തേങ്ങിക്കരഞ്ഞ് നേരം വെളുപ്പിച്ചു. പിതാവിന്റെ കോപം അടങ്ങിയില്ല. അയാള്‍ മന്ദപ്പന്റെ വില്ലും കുന്തവും ചവിട്ടി ഒടിച്ചു. പക ഫണം വിഡര്‍ത്തി ആടിയെങ്കിലും കുമരപ്പന്റെ കണ്ണില്‍ നിന്നും രണ്ടിറ്റു കണ്ണുനീര്‍ നിലംപതിച്ചു. അതാരും കണ്ടില്ല. കാണുന്നതും ഇഷ്ടമല്ലായിരുന്നു. പകയോടെ മന്ദപ്പന്‍ ഇല്ലം വിട്ടിറങ്ങിയ വിവരം ചങ്ങാതിമാര്‍ അറിഞ്ഞു. അവര്‍ അവനെ ഇല്ലത്തേയ്ക്ക് മടക്കി അയയ്ക്കുവാന്‍ ശ്രമം ണടത്തിയെങ്കിലും അത് വിജയിച്ചില്ല. അപ്പോള്‍ ചങ്ങാതിമാര്‍ ഒരു തന്ത്രം ഉപയോഗിച്ചു. കുടകുമലയ്ക്ക് കച്ചവടത്തിന് കൂട്ടായ് പോകാം. മന്ദപ്പന്‍ നേതൃസ്ഥാനം വഹിക്കണം. അപ്പോള്‍ അവന്‍ പിന്മാറും എന്നാണ് ചങ്ങാതിമഅര്‍ കരുതിയത്. പക്ഷേ അതും നടന്നില്ല. മന്ദപ്പന്‍ കുടകിലേക്ക് പൊകാന്‍ തീരുമാനിച്ചു.


ഇനി എന്തു വേണം?
കൂട്ടുകാര്‍ വിഷമിച്ചു. അവര്‍ മന്ദപ്പന് മദ്യം നല്‍കി കിടത്തി ഉറക്കി സ്ഥലം വിടാന്‍ തീരുമാനിച്ചു. സന്ധ്യയ്ക്ക് മങ്ങാട്ട് മരച്ചുവട്ടില്‍ കൂട്ടുകാര്‍ ഒത്തുകൂടി. മദ്യലഹരിയില്‍ എല്ലാവരും പങ്കുചേര്‍ന്നു. കള്ളുകുടിച്ച് ഇറച്ചി തിന്ന് എല്ലാവരുടേയും സമനില തെറ്റി. കൂത്തും നൃത്തവും അരങ്ങേറി. മന്ദപ്പനെ നിര്‍ബന്ധിച്ച് വീണ്ടും വീണ്ടും കുടിപ്പിച്ചു.. പാതിര കഴിഞ്ഞപ്പോള്‍ ചങ്ങാതിമാര്‍ കാളപ്പുറത്ത് സാധനങ്ങളുമായി കുടകിലേയ്ക്ക് ഗമിച്ചു. മന്ദപ്പന്‍ നിദ്രയിലമര്‍ന്നു. നേരം വെളുത്തു. മന്ദപ്പന്‍ ഏകനായി ഉറക്കചടവില്‍ എഴുന്നേറ്റിരുന്നു. ചുറ്റും കൂട്ടുകാരെ ആരെയും കണ്ടില്ല. ചതിച്ച കൂട്ടുകാരെ പഴിച്ച് അവന്‍ അവിടെ നിന്നും കുടകിലേയ്ക്ക് പുറപ്പെട്ടു. കാളക്കുളമ്പടികള്‍ അവന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. മന്ദപ്പന്‍ തളര്‍ന്നില്ല. മുന്നോട്ട് നീങ്ങി. നേരം ഉച്ചയായി.വല്ലാത്ത വിശപ്പും ദാഹവും. അവന്‍ കതിവന്തൂരിലുള്ള ബന്ധുവീട്ടില്‍ കയറി. അത് അമ്മാവന്റെ വീടായിരുന്നു. അമ്മായി മന്ദപ്പനെ സ്വീകരിച്ചു. മണ്ണാത്തി തോപ്പില്‍ ഒളിച്ചിരുന്ന് കൂട്ടുകാര്‍ മന്ദപ്പന്റെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചിരുന്നു. അത് മന്ദപ്പന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും അവന്‍ ഒന്നുമറിയാത്തവനെപ്പോലെ പെരുമാറി. മന്ദപ്പന്റെ ആഗ്രഹമനുസരിച്ച് അമ്മായി അരിയും കോപ്പും ചങ്ങാതിമാര്‍ക്ക് ഭക്ഷണത്തിന് നല്‍കി. കൂട്ടുകാര്‍ അദ്ഭുതത്തോടെ അരിയും കോപ്പും സ്വീകരിച്ചു. മന്ദപ്പനോട് ക്ഷമ യാചിച്ചു. കൂട്ടുകാരോടൊപ്പം അവന്‍ ഭക്ഷണം കഴിച്ചു. കുറേ നേരം തമാശകള്‍ പറഞ്ഞ് രസിച്ചിരുന്നു. അപ്പോഴേയ്ക്കും അമ്മാവനെത്തി. മരുമകനെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. കതിര്‍വന്തൂര്‍ വീട്ടില്‍ ആനന്ദത്തിന്റെ നാളുകള്‍. കുടകിലെ അധികാരിയുടെ നേതൃത്വത്തില്‍ തറവാട് ഭാഗം വച്ചു. സ്വത്തിന്റെ നേര്‍പകുതി മന്ദപ്പന് കിട്ടി. മറ്റേപകുതി അമ്മാവനും മകനും.
"ആകെ കൂടിയുള്ള മരുമകനല്ലേ! അവന് കുറേ കൂടി ഉത്തരവാദിത്ത്വം ഉണ്ടാകണം."- അമ്മായി പണം കൊടുത്ത് എള്ളു വാങ്ങിച്ചു. എള്ളാട്ടി എണ്ണ എടുത്തു. മന്ദപ്പന്‍ കുടത്തില്‍ എണ്ണ ചുമന്ന് കുടകിലേയ്ക്ക് പീയി എണ്ണ കച്ചവടം തകൃതിയായി നടന്നു. ജീവിതം സുന്ദരമായി മുന്നേറി. അതിനിടയിലാണ് വേളാര്‍കോട്ട് ചെമ്മരത്തിയെ മന്ദപ്പന്‍ കണ്ടുമുട്ടാന്‍ ഇടയായത്. സുന്ദരി കിണറ്റില്‍ നിന്ന് വെള്ളം കോരുകയായിരുന്നു. മന്ദപ്പന്റെ മനസ്സ് തുടികൊട്ടാന്‍ തുടങ്ങിയപ്പോള്‍ ദാഹിക്കുന്ന പോലെ തോന്നി. അവളുടെ അടുത്ത് ചെന്ന് കുടിനീര് ചോദിച്ചു.
"മതിയാവോളം തരാം. വീട് അകലെ അല്ല. അങ്ങോട്ടുവരൂ!"- പെണ്‍കൊടിക്ക് അയാളോടും പ്രിയം തോന്നി. അവള്‍ വീട്ടിലേയ്ക്ക് ക്ഷണിച്ചു. വൈദ്യന്‍ നിശ്ചയിച്ചതും രോഗി ഇച്ചിച്ചതും ഒന്നായപ്പോള്‍ മനസ്സുകള്‍ തമ്മില്‍ അടുത്തു. മന്ദപ്പന്‍ ചെമ്മരത്തിയെ വിവാഹം ചെയ്തു. ഇഷ്ടപ്പെട്ടവളെ കിട്ടിയപ്പോള്‍ അവന്റെ മതിമറന്ന നാളുകള്‍ കൊഴിഞ്ഞു വീഴുന്നതറിഞ്ഞില്ല. ആനന്ദത്തില്‍ മുഴുകി മാസങ്ങള്‍ കടന്നു പോയി. ഒരുദിവസം എണ്ണവില്‍ക്കാന്‍ പോയ മന്ദപ്പനെ കാത്ത് ചെമ്മരത്തി പടിക്കലേയ്ക്ക് നോക്കിയിരുന്നു. രാത്രിയായി. സർവത്ര ഇരുട്ടു പരന്നു. അവളുടെ മനസ്സില്‍ ദുഷ്ചിന്തകള്‍ നടമാടി. സഹിക്കാനുള്ള ശക്തി നശിച്ചപ്പോള്‍ അവള്‍ മുഖം താഴ്ത്തി പൊട്ടിക്കരഞ്ഞു. തലേനാള്‍ കൈനോക്കിയ കുറത്തി പറഞ്ഞുപോയ വാക്കുകള്‍ അവളെ വീര്‍പ്പുമുട്ടിച്ചു.


"സൂത്രശാലിയാണ് കാന്തന്‍. പെണ്ണുങ്ങളെ കണ്ണെറിഞ്ഞ് കുടുക്കുന്നതില്‍ വിരുതനാണ്."- കുറത്തിയുടെ വാക്കുകള്‍ കൂരമ്പുകള്‍ പോലെ ചെവിയില്‍ പതിച്ചപ്പോള്‍ അവള്‍ തളര്‍ന്നിരുന്നു. നേരം വെളുക്കാന്‍ ഇനിയും സമയമുണ്ട്. മന്ദപ്പന്‍  പടിവാതില്‍ക്കല്‍ പലപ്രാവശ്യം മുട്ടി ശബ്ദമുണ്ടാക്കി. ഉറക്കെ ചെമ്മരത്തിയെ വിളിച്ചു. ആരും പുറത്തു വന്നില്ല. വിശപ്പും ക്ഷീണവും വര്‍ദ്ധിച്ചപ്പോള്‍ അവന്റെ നിയന്ത്രണം കൈവിട്ടു. വാതില്‍ അവന്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു.
"ചോറ് വിളമ്പ്"- മന്ദപ്പന്‍ ചെമ്മരത്തിയോട് കല്പിച്ചു.
"ചോറോ ഈ പാതിരായ്ക്ക്? എവിടെയായിരുന്നു?"
"എങ്കില്‍ പാല് കൊണ്ടുവാ."

"രണ്ടുമില്ല. വിശപ്പ് സഹിക്കുന്നില്ലെങ്കില്‍ എന്നെ പിടിച്ച് തിന്നോ! എങ്കില്‍ പിന്നെ എവിടെയും പോകാലോ." ചെമ്മരത്തി പറഞ്ഞ വാക്കുകളിലെ വ്യങ്ങ്യാര്‍ത്ഥം മന്ദപ്പന് മനസിലായെങ്കിലും അവന്‍ അതിന് മറുപടി പറഞ്ഞില്ല. ചെമ്മരത്തി അടുക്കളയില്‍ പോയി ഒരു പാത്രത്തില്‍ ചോറും കറിയും കൊണ്ടുവന്ന് ഭര്‍ത്താവിന്റെ മുമ്പില്‍ വച്ചു. അവന്‍ ആര്‍ത്തിയോടെ ചോറു വാരി വായയ്ക്കകത്താക്കി.
ദുശ്ശകുനങ്ങള്‍!
ദുര്‍നിമിത്തങ്ങള്‍!

വായയ്ക്കകത്ത് മുടിനാരും  കല്ലും മണ്ണും തടഞ്ഞു! ഇറക്കാന്‍ വയ്യ. മന്ദപ്പന്‍ ചോറ് തുപ്പിക്കളഞ്ഞു. ഉച്ചത്തില്‍ പുറത്ത് ചേകോന്മാരുടെ കൂക്കുവിളി ഉയര്‍ന്നു. എന്താണത്?- ശ്രദ്ധിച്ചു.
"നാട്ടാരേ! കൂട്ടരേ! കുടകപ്പട ഒരുങ്ങിവരുന്നേ!" വീണ്ടും വീണ്ടും അറിയിപ്പ് മുഴങ്ങി. ആക്രമിക്കാന്‍ പട വരുന്നുണ്ടെന്നറിഞ്ഞാല്‍ പിന്നെ അകത്ത് ഒതുങ്ങി ഇരിക്കുന്നത് പുരുഷത്വമല്ല. മന്ദപ്പന്‍ ചാടി എഴുന്നേറ്റ് ആയുധങ്ങളെടുത്ത് കുലദൈവങ്ങളെ വന്ദിച്ച് പടയ്ക്ക് പുറപ്പെട്ടു. കുടകരുമായി ഉഗ്രപോരാട്ടം നടന്നു. പഠിച്ച ആയുധവിദ്യകളെല്ലാം പ്രയോഗിച്ച് മന്ദപ്പന്‍ വിജയം വരിച്ചു. പക്ഷെ 'മോതിരവും ചെറുവിരലും' നഷ്ടപ്പെട്ടു. അംഗഹീനനായി ആഭരണം നഷ്ട്പ്പെട്ട് യുദ്ധഭൂമിയില്‍ നിന്ന് മടങ്ങുന്നത് അവനിഷ്ടമല്ലായിരുന്നു. കൂട്ടുകാര്‍ മന്ദപ്പനെ തടഞ്ഞു. പടവീരന്‍ തനിച്ച് തോറ്റുമടങ്ങുന്ന പടക്കൂട്ടത്തിലേയ്ക്ക് പോകരുതെന്ന് പറഞ്ഞ് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവന്‍ വീണ്ടും ഒറ്റയ്ക് കുതിച്ചു. മന്ദപ്പനെ കണ്ടപ്പോള്‍ കുടകര്‍ ആയുധങ്ങളേന്തി പാഞ്ഞടുത്തു. തലങ്ങും വിലങ്ങും അവനെ വെട്ടി. ശരീരഭാഗങ്ങള്‍ ചുറ്റുവട്ടത്തില്‍ കഷ്ണങ്ങളായി പരന്നു. കുടകപ്പട വിജയാട്ടഹാസം മുഴക്കി. ഭര്‍ത്താവിന്റെ വരവും കാത്തിരിക്കുകയായിരുന്നു ചെമ്മരത്തി. പെട്ടെന്ന് കദളിവാഴയിന്മേല്‍ മോതിരവും ചെറുവിരലും വന്നു പതിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടി! ചങ്ങാതിമാര്‍ അല്പം മുമ്പ് അറിയിച്ചത് വിജയിച്ചുവെന്നല്ലേ? ഇതെങ്ങനെ അത്യാഹിതം സംഭവിച്ചു? അമ്മാവനും അമ്മായിയും ചെമ്മരത്തിയും മോതിരവും ചെറുവിരലും തിരിച്ചറിഞ്ഞു. എല്ലാവരും വാവിട്ടുകരഞ്ഞു. കതിവന്നൂര്‍ ഗ്രാമവാസികളും നാട്ടുമുഖ്യന്മാരും കുടകുമലയിലേക്ക് കുതിച്ചു. മന്ദപ്പനെ ചതിച്ചുകൊന്ന കുടകരോട് പകരം വീട്ടണം. കുടകര്‍ ഭയപ്പെട്ട് ഓടി ഒളിക്കാന്‍ തുടങ്ങി. ശത്രുവിനോട് ഏറ്റുമുട്ടാന്‍ അവര്‍ക്കാവില്ലെന്ന് തെളിഞ്ഞു കഴിഞ്ഞതാണല്ലോ. ചങ്ങാതിമാരും ബന്ധുക്കളും ചേര്‍ന്ന് വീരനായകന് ചിതയൊരുക്കി . അമ്മാവനും അമ്മായിയും നെഞ്ചത്തടിച്ച് കരഞ്ഞു. വീരനായകന്‍ വീരസ്വര്‍ഗ്ഗം പ്രാപിക്കട്ടെ! എല്ലാവരും പ്രാര്‍ത്ഥിച്ചു. ചിതയില്‍ അഗ്നി ജ്വലിച്ചു. ചെമ്മരത്തി എങ്ങുനിന്നോ ഉന്മാദിനിയേപ്പോലെ ഓടി എത്തി. അവള്‍ പൊട്ടിക്കരഞ്ഞു! പൊട്ടിച്ചിരിച്ചു! ചിതയില്‍ തീ ആളിക്കത്തിയപ്പോള്‍ അവള്‍ ചിതയിലേയ്ക്ക് എടുത്തുചാടി. ജീവന്‍ വെടിഞ്ഞു. മന്ദപ്പന്റെ സ്മരണ കതിവന്നൂരുകാർ ഇന്നും തെയ്യം കെട്ടിയാടി നിലനിര്‍ത്തി വരുന്നു.